Sunday, May 18, 2008

ഓട്ടോ മോഷണം....

നേരം സന്ധ്യാസമയം...
മാവുകള്‍ പൂക്കുന്നത് കണ്ടാല്‍ എല്ലാര്‍ക്കും സന്തോഷമാണ് എന്ന് കേട്ടിട്ടുണ്ട്. എന്നാ എന്താന്നറീല്ല ഒരു യു.പി ക്ലാസു മുതല്‍ എനിക്കതു കാണുമ്പോ ആധിയാണ്, ഈശ്വരാ പരീക്ഷക്കാലമായല്ലോ എന്ന ചിന്ത.[വേറിട്ട ചിന്തകള്‍ എന്നോ പൂവിട്ട ചിന്തകള്‍ എന്നോ, എന്തു പണ്ടാരം വേണേലും വിളി]
ഈ മോളിപ്പറഞ്ഞ സന്ധ്യാസമയം എതാന്നു പറഞ്ഞില്ല അല്ലേ?, പറയാം... ഇമ്മാതിരി ഒരു ആ[ല]വലാതി പരീക്ഷ ദിവസങ്ങള്‍ കഴിയുന്ന ദിവസം, ബിരുദാ‍നന്തര ബിരുദ പരീക്ഷയുടെ അവസാ‍നദിവസം,‍ എല്ലാം തീര്‍ത്ത് ആശ്വാസത്തോടെ വടകരയില്‍ നിന്ന് ഒരു ബിരിയാണിയും തിന്ന് വീട്ടില്‍ വന്ന് കിടന്നുറങ്ങി എണീറ്റ് പുറത്തേക്ക് നോക്കിയപ്പോള്‍ കണ്ട സന്ധ്യാസമയം. അപ്പോള്‍ പൊട്ടിവിടര്‍ന്ന സന്ധ്യാസമയം [പ്രഭാതത്തിനു പൊട്ടിവിരിയാമെങ്കില്‍ സന്ധ്യയ്കും പൊട്ടിവിടരാം..സമത്വം ജയിക്കട്ടേ..]

ഇനി കൊറേ ദിവസത്തേക്ക് പുലരി ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്റെ തട്ടിന്‍പുറത്ത് പോയി ക്യാരംസ് കളിക്കാം.. എക്സ് മിലിട്ടറി[അഛ്ചനാ] അന്വേഷിച്ചു വരൂല്ല. ഉപദേശങ്ങളേ വിട...

കുളിച്ച് സുന്ദരനായി [ശരിക്കും ആയീ...സത്യം] ഒരു കാവി ലുങ്കിയും ടി-ഷര്‍ട്ടും ഇട്ട് കവലയിലേക്ക്... അച്ചന്‍ എന്നെ രാതിഞ്ഛരാ എന്നു വിളിക്കും, അതായത് കാര്യമായി പഠിക്കാനില്ലാത്ത സമയങ്ങളില്‍ വീട്ടിലെത്തുന്നത് രാത്രി 11 മണി, യാതൊരു ദുശ്ശീലവും ഇല്ലാ, എന്താന്നറീല്ല ആരേലും കലുങ്കില്‍ പരദൂഷണം പറയുന്നതു കണ്ടാല്‍ കൂടെ ഇരുന്നു പോവും, എന്താ‍ണാവോ കാരണം !. ചെറുപ്പത്തിലേ അങ്ങനെ ആണ്, ഇപ്പളും. പരദൂഷണം എന്റെ ഒരു വീക്‍‌നെസ്സാ...

എനിക്ക് കൊറേ കൂട്ടുകാര്‍ ഉണ്ട്, അച്ചന്റെ അഭിപ്രായത്തില്‍ തല്ലിപ്പൊളികള്‍, നല്ല രസാണ് എല്ലാം നല്ല കോമഡീസ് ആണ്. ഇതില്‍ ഒരു വന്‍ കോമഡി നാട്ടില്‍ ഒരു വര്‍ക്ക് ഷാപ്പ് നടത്തുന്നു. എന്നാലും മെയിന്‍ ബിസിനസ്സ് ബ്രോക്കര്‍ , അതായത് വാഹനം വാങ്ങുക വിക്കുക, അതിന് സഹായിക്കുക അങ്ങനെ ഒക്കെ. ചില്ലറ ബ്ലേഡ് ബിസിനസ്സ് തുടങ്ങി വരുന്നതിനാല്‍ ഞങ്ങള്‍ ഗോകുലം എന്നും വിളിക്കും. ഗോകുലം ഗോപാലന്‍ ആണ് മൂപ്പരുടെ ദൈവം. ഗോകുലം ഗോപാലന്‍ എന്നാല്‍ വടകരക്കാരനും ഗോകുലം ചിറ്റ് & ഫിനാന്‍സ്, ഗോകുലം ഇന്‍ മുതലായ സംരഭങ്ങളുടെ സാരഥിയും ആണ്.

അടുത്തവര്‍ ഒരു ബസ്സിന്റെ കിളി വാവ എന്നു വിളിക്കും, പ്രത്യേക കഴിവ് മൊബൈലില്‍ എങ്ങനെ നമ്പര്‍ ഉണ്ടാക്കി അടിച്ചാലും അതു പെണ്ണിന്റെ നമ്പര്‍ ആയിരിക്കും. അതില്‍ പലരും പിന്നീട് ഇവന്റെ 'വിളിക്കൂട്ടുകാരി'കളായിട്ടുണ്ട്. അതില്‍ ഒരു വന്‍സംഭവം പറയാം. ഇതൊക്കെ ഈയടുത്താണ് ട്ടോ, ആ സന്ധ്യാസമയം അവിടെ കിടക്കട്ടേ.. മറക്കല്ലേ...

ഒരിക്കല്‍ ഞങ്ങ[ള്‍] വെറുതേ ഇരിക്കുന്നു, വാവയുടെ വീര കഥകള്‍, നാട്ടിലെ ബസ്സില്‍ സ്ഥിരം കയറുന്ന അമ്മായിമാര്‍, അവന്‍ മൊബൈല്‍ റീ-ചാര്‍ജ്ജ് ചെയ്തിട്ട് എത്രയോ കാലമായി, ഗള്‍ഫ് അമ്മായിമാര്‍ അവനു ചാര്‍ജ്ജ് ചെയ്തു കൊടുക്കുന്നു. അവനെ ചിലവ് ആകെ എന്താന്നു വെച്ചാല്‍ ദിവസം കിലോക്കണക്കിനു പ്ഞ്ചാര കലക്കി ഫോണിലൂടെ ഇവരുടെ കാതിലേക്ക് ഒഴുക്കുക. ഇങ്ങനെ ഇങ്ങനെ.. ഇതെല്ലാം കേട്ട് വാവ അറസ്റ്റിലായ സന്തോഷ് മാധവനെ പോലെ [ഇത്തിരി സമകാലീനം ആയിക്കോട്ടേ..അല്ലേ?] ചിരിക്കുന്നു. അതെ അതെ എല്ലാം ഞാന്‍ തന്നെ.. ഞാ‍ന്‍ .. ഈ ഞാന്‍ എന്ന ഭാവം. പെട്ടെന്ന് അവന്റെ മൊബൈല്‍ ശബ്ദിച്ചു,

"ഹലോ?? എവിടേ? എപ്പഴാ?? എങ്ങനാ വരണ്ടേ?? ......................... പോടീ പട്ടീ."

ലാസ്റ്റ് വാചകം സ്വാഭാവികമായി കാര്യം തിരക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചു..
കാര്യം:- അവന്‍ ഏതോ നമ്പര്‍ ചുമ്മാ ഉണ്ടാക്കി മിസ് കാള്‍ ചെയ്തു. അവള്‍ തിരിച്ചു വിളിച്ച് ഒറ്റ പറച്ചില്‍ "ജാഫറിക്കാ വേഗം വാ.. ഞാന്‍ കുളിമുറീല്‍ ഉണ്ട്..." വാവ ആവേശഭരിതനായി ചൂഴ്ന്ന് നോക്കിയ്യപ്പോ സ്ഥലം കാസര്‍‌ഗോഡ്. എങ്ങനെ പോയാലും അവള്‍ കുളിച്ച് തീരുന്നതിന് മുന്‍പ് എത്തൂ‍ല്ല. അതാണ് കട്ട് ചെയ്യുന്നതിനു മുന്‍പുള്ള പോ...പ.

ഗോകുലം ഇപ്പോ മസ്കറ്റില്‍ ഉണ്ട്, ഒരു വര്‍ക്ക് ഷോപ്പ് 3 സുഹൃത്തുക്കളും അവനു കൂടി തുടങ്ങി. കഴിഞ്ഞാഴ്ച ഞാന്‍ വിളിച്ചിരുന്നു, മൂപ്പര്‍ ഭയങ്കര ഡെസ്പ്, കാരണം എന്താന്നോ ഇവിടെ പണിക്ക് വരുന്ന വണ്ടീടെ ഒന്നും പെട്രോള്‍ ഊറ്റി വിക്കാന്‍ പറ്റണില്ല പോലും. നാട്ടില്‍ ആ വഴി നല്ല കാശ് ആരുന്നത്രേ, ഇവിടെ പെട്രോള്‍ ഒരു പട്ടിക്കും വേണ്ടാ. കുടിവെള്ളത്തിനു അതിനേക്കാള്‍ വിലയാണ്.

യൂ ദ കം ബാക്ക്... തിരിച്ചു വരാം ആ സായംസന്ധ്യ... സന്ധ്യാസമയം.

അങ്ങനെ കവലയില്‍ എത്തി, സകല വാനരന്മ്മാരും ഹാജര്‍. ഗോകുലത്തിന്റെ ഓട്ടോ അതിനകത്ത് വാവ, പിന്നെ ആര്യന്‍ എന്നു വിളിക്കുന്ന സുനി, മുട്ട എന്നു വിളിക്കുന്ന വിശാഖ്. ആര്യന്‍ ഒരു 6 അടി ഉയരം വരും [ഒരടി വീതി]. മുട്ട അന്യായ വീതി ന്യായത്തിനു പോലും നീളം ഇല്ല. ഞാന്‍ എല്ലാം അളവിന്. ഗോകുലം എന്റെ മാതിരി തന്നെ.. ഒരു താടി എക്സ്ട്രാ.. ഇത്തിരി തടിയും.

ഒരു കാലിച്ചായ കുടിച്ചതിനു ശേഷം ഞാന്‍ "എന്താ പരിപാടി" എന്നു ചോദിച്ചു [അതാണ് ഇതിനെല്ലാം കാരണം !!! ] ഞാന്‍ വരുമ്പഴേ എന്തോ കാര്യം ഇവന്മാര്‍ സീരിയസ് ആയി ചര്‍ച്ച ചെയ്യുന്നത് ഞാന്‍ കണ്ടതാണ്. എല്ലാം ഹിഡന്‍ അജന്‍ഡയുടെ ആള്‍ക്കാര്‍ ആണ്, ഒടുക്കത്തെ ധൈര്യവും. പണ്ടൊരിക്കല്‍ ഒരു ജീപ്പില്‍ വടകരയ്ക്ക് സിനിമയ്ക്ക് പോയിട്ട് തിരിച്ച് വന്നത് വണ്ടി നിറയെ വിലയേറിയ ഓര്‍ക്കിഡ് ചെടികളുമായിട്ടാണ് [ഈശ്വരാ.. വടകരയിലെ ഒരു ഡോക്ടറും ഈ പോസ്റ്റ് വായിക്കരുതേ..! പ്രത്യേകിച്ച് സിനിമാ തിയറ്ററിന്റെ അടുത്തുള്ള ഒരു ചെടിപ്രേമി ഡൊക്ടറും.]

ഗോകുലം ഒരു ലൊക്കടാ ഓട്ടോ ആരുടെയോ തലയില്‍ വെച്ചു കെട്ടി. അതിന്റെ ഫുള്‍ പേയ്‌മെന്റ് വന്നു. എല്ലാര്‍ക്കും ചിലവ് വേണം.കുറേകാലമായി പരൂക്ഷ പാസ്സാവാനായി കവലയുമായി കുറച്ച് കാലം അകലം പാലിച്ച എന്നെ ലവന്മാര്‍ അപ്‌ഡേറ്റ് ചെയ്തു. അവര്‍ അതിനു പോവുകയാണ് വരുന്നോ എന്ന് ചോദിച്ചു, ഞാനതാ ഓട്ടോയ്ക്കകത്ത്..!!!

കുറ്റിയാടി "സ്വദേശി" ഹോട്ടല്‍, [പുറമെ നിന്നും വന്നവര്‍ -വിദേശികള്‍- ഹോട്ടല്‍ തുടങ്ങി വല്യ ആളാവുന്നത് സഹിക്കാഞ്ഞിട്ട് കുറ്റിയാടിയുടെ സ്വന്തം മൊയ്തൂക്ക തുടങ്ങിയ ഹോട്ടല്‍], 5 പേര്‍ 6 ബിരിയാണി, മെലിഞ്ഞ ആര്യനും തടിച്ച മുട്ടയും ഒന്നര വിശപ്പുകാര്‍.

പുറത്തിറങ്ങിയ ഉടന്‍, എല്ലാരും മുറുക്കുന്നു.. അടുത്ത് ഒരു സ്ഥലത്ത് വേറെ ഒരു ഓട്ടോ നോക്കാനുണ്ട് എന്ന് ഗോകുലം,വയനാട്ടിനടുത്താണ്. അതും വിക്കുമ്പോള്‍ ഇങ്ങനെ ബിരിയാണി തിന്നാം, ഇനി നാളെ പരീക്ഷ ഒന്നും ഇല്ല, ലേറ്റ് ആയി വന്നാ‍ മതി വീട്ടില്‍. ഇപ്പോ സമയം രാത്രി 10.45 എന്നോര്‍ത്തു കൊണ്ട് ഞാന്‍ ഓകേ പറയുന്നു.

യാത്ര... മുന്നില്‍ ഗോകുലം ഓട്ടോ ഓടിക്കുന്നു, വാവ അതേ സീറ്റില്‍ അള്ളിപ്പിടിച്ചിരിക്കുന്നു. പിന്നില്‍ ഞാന്‍, ആര്യന്‍, മുട്ടയുടെ ഒരു ചന്തി, ഒരു ചന്തി ഓട്ടോയ്ക്ക് വെളിയില്‍. ഓട്ടോ ചുരം കയറുന്നു.. ഹെയര്‍പിന്‍ വളവില്‍ മുട്ടയുടെ ഒടുക്കത്തെ തടി എന്ന് പറഞ്ഞ് അവനെയും മുന്നിലിരിക്കുന്ന വാവയെയും ഇറക്കിയതിനു ശേഷം കയറാനേ പാവം ഓട്ടോയ്ക്ക് കഴിയൂ.ഇവര്‍ ഓരോ ഹെയര്‍പിന്‍ വളവിലും ഇറങ്ങി തള്ളും, ഞാനും ആര്യനും അകത്തിരുന്നു തള്ളും.

അങ്ങനെ ഒരു സമനില പ്രദേശം, ഇത്തിരി പോ‍യപ്പോ വിജനത ഓട്ടോ നിന്നു, അത്ര നേരം സംസാരിച്ചോണ്ടിരുന്നവന്മാര്‍ മിണ്ടണില്ല. വനം, ചീവീടുകള്‍, താഴെ ചുരം കയറുന്ന വണ്ടികളുടെ ചെറിയ മൂളിച്ച വെളിച്ചം.ഇതു മാത്രം. 'മൂത്രശങ്കര്‍ മഹാദേവന്‍' ഞാന്‍ പുറത്തിറങ്ങി കാര്യം സാധിച്ചു. എല്ലാരും എന്നെ അനുകരിച്ചു.

ഓട്ടോ നിര്‍ത്തിയതിന്റെ തൊട്ടടുത്തായിരുന്നു വീട്, ഇരുട്ട് കാരണം ഒന്നും കാണാനില്ല മുറ്റത്തെത്തിയപ്പോ ഒരു ഓട്ടോ മുറ്റത്തുണ്ട്. ഗോകുലം വാതിലില്‍ മുട്ടി "സുരേന്ദ്രാ... സുരേന്ദ്രാ.. സുരേ..." ആളനക്കമില്ല. ഞാന്‍ മെല്ലെ പിന്നെയും റോഡിലേക്കിറങ്ങി, നല്ല തണുപ്പ്, ലവന്മാര്‍ എന്തൊക്കെയോ കുശുകുശുക്കുന്നു, പാതിരാത്രി തന്നെ എന്തിനാ ഇവന്മാര്‍ ഓട്ടോ വിലപറയാന്‍ വന്നത് എന്ന സംശയം എനിക്കുണ്ടായി, 'ആ എന്തേലും ആവട്ടേ..' എന്ന എന്റെ തന്നെ തോന്നല്‍ ആ സംശയത്തിന്റെ മുനയൊടിച്ചു. തോന്നലും മുനയൊടിച്ചതും ഞാനായത് കൊണ്ട് നോ പ്രൊബ്ലം.

പിന്നെ ഞാന്‍ കാണുന്നത് ആ വീടിന്റെ മുറ്റത്തു നിന്നും ഓട്ടോ തള്ളിയിറക്കിക്കൊണ്ടു വരുന്ന ഗോകുലം , അകത്ത് ഡ്രൈവിങ്ങ് സീറ്റില്‍ വാവ. പുറകേ പാപ്പാനേ പോലേ വിശാഖ്. എനിക്കൊന്നും മനസ്സിലായില്ല. ഇരുട്ടത്തും എന്റെ കണ്ണ് തള്ളിയിരിക്കുന്നത് കണ്ടിട്ടാവണം ഗോകുലം പറഞ്ഞു

"നീ പ്രശ്നമാക്കണ്ട , ഇതു എന്റെ ഓട്ടോ ആണ് ഇവന്‍ മുഴുവന്‍ കാശും തന്നില്ല, ഇന്നായിരുന്നു ലാസ്റ്റ് അവധി, വണ്ടി നമ്മള്‍ കൊണ്ടു പോകുന്നു, അവന്‍ നാളെ എന്നെ വന്ന് കാണട്ടെ..."

ഹായ് നല്ല രസകരമായ ത്രില്ലിങ്ങ് ജോബ്. എനിക്കിഷ്ടായി, വാഹനം പിടിച്ചെടുക്കല്‍... എന്നെ ഇതിന്റെ ഭാഗഭാക്കാക്കിയതിന് ഞാന്‍ മനസ്സില്‍ ഗോകുലത്തിനോട് നന്ദി പറഞ്ഞു.

"കേറ്..." ഞാനതാ പിന്നേം ഓട്ടോയില്‍. 2 ഓട്ടോകളും തള്ളിക്കൊണ്ടാ‍ണ് കുറച്ച് ദൂരം പോയത്, കുറേ ദൂരെ എത്തിയപ്പോ 2 ഓട്ടോയും സ്റ്റാര്‍ട്ട് ചെയ്തു. മുന്നില്‍ വാവ ഓടിക്കുന്ന പിടിച്ചെടുത്ത ഓട്ടോ അതില്‍ ഗോകുലം. പുറകില്‍ ആര്യന്‍ ഓടിക്കുന്നു ഞാനും മുട്ടയും.

ഇത്തിരി ദൂരം... മുന്നിലെ ഓട്ടോ നിന്നു... ഞങ്ങളും നിര്‍ത്തി, പെട്രോള്‍ തീര്‍ന്നു, ഗോകുലത്തിന്റെ സ്വഭാവം അറിഞ്ഞിട്ടായിരിക്കും സുരേന്ദ്രന്‍ ടാങ്കിനകം ടവ്വല്‍ കൊണ്ട് തുടച്ചാണ് വെക്കുന്നത് ദിവസവും.
ഒരു വണ്ടി ആ വഴി വരാന്‍ സാധ്യത ഇല്ല, ഇന്നേരമത്രയും ആ റോഡില്‍ ഞങ്ങള്‍ മാത്രം. ഗോകുലം തന്റെ വണ്ടിയില്‍ നിന്ന് പെട്രോള്‍ ഊറ്റി പിടിച്ചെടുത്ത ശകടത്തില്‍ ഒഴിക്കാനുള്ള ശ്രമം. ദൂരെ ഒരു ബൈക്കിന്റെ ലൈറ്റ്.. ബൈക്ക് പാസ് ചെയ്തു പോകുന്നു ഇത്തിരി ദൂരം അവര്‍ ബൈക്ക് നിര്‍ത്തി തിരിച്ചു വരുന്നു, ബൈക്കില്‍ 2 പേര്‍ മുഖം വ്യക്തമല്ല,

"എന്താ പറ്റിയേ?"
ഗോകുലം:"എണ്ണ തീര്‍ന്നു..."
"നിങ്ങള്‍ എവിടുന്നാ?"
ഗോ:"കുറ്റിയാടി"
ഇതേതാ വണ്ടി?
ഗോ:"എന്റെ ആണ്"
ഇവിടെ എവിടെ വന്നതാ? ആരെ കാണാന്‍?
ഗോ: "ഒരു ബന്ധു വീട്ടില്‍"

"ഫ നായിന്റെ മോനേ..... ഇതു സുരേന്ദ്രന്റെ വണ്ടി അല്ലേടാ..."

ഹമ്മേ...... എന്റെ ഉള്ളു ഭദ്ര'കാളി'. പെട്ടെന്ന് തന്നെ എന്റെ ത്രില്ലെല്ലാം എല്ലുകളില്‍ കേന്ദ്രീകരിച്ചു. മുട്ടിടി... എന്നാലും എനിക്ക് ഒരു ഏകദേശ രൂപം കിട്ടി എന്താ സംഭവിക്കാന്‍ പോവുന്നത് എന്ന്. വാഹന മോഷണം ആണ് കൃത്യം, അതല്ലെങ്കിലും അത് തലയിലാവാന്‍ പോകുന്നു.
ഗോകുലം എന്തൊക്കെയോ പറയുന്നു, നിഷേധിക്കുന്നു, അതിനനുസരിച്ച് ബൈക്ക് കാരനും പുറകില്‍ ഇരുന്നവനും ശബ്ദം കൂട്ടുന്നു. നല്ല കട്ടത്തെറി. റോഡിന്റെ ഇരു വശത്തും ലൈറ്റുകള്‍ തെളിയുന്നു, ഈശ്വരാ ഈ വനപ്രദേശം എന്നു കരുതിയിടത്തും വീടുകള്‍ ഉണ്ട് എന്ന് അപ്പോളാണ് തിരിച്ചറിയുന്നത്.
ആരൊക്കെയോ വരുന്നു... ഒരു 10 പേര്‍ കൂടി, വാദപ്രതിവാദങ്ങള്‍..ഞാനും മുട്ടയും മാത്രം ഓട്ടോയില്‍, ആര്യനും ഗോകുലവും വാവയും ആള്‍ക്കാരോട് കയര്‍ക്കുന്നു. ബൈക്കില്‍ വന്നവര്‍ ഇതു പിലാക്കണ്ടത്തിലെ സുരേന്ദ്രന്റെ ഓട്ടോ ആണ് എന്നും, അവന്‍ വില്‍‌ക്കാന്‍ സാധ്യത ഇല്ല, വാങ്ങീട്ട് ഒരാഴ്ച ആയില്ല എന്നും പറയുന്നു. പന്തികേട് [ഒരാള്‍ കൈവെച്ചാല്‍ എല്ലാരും കേറി മേയും] മണത്ത് ഗോകുലം ഉള്ള സത്യം പറയുന്നു. എന്റെ ഓട്ടോ ആണ്, വിറ്റതാണ്, കാശു തന്നില്ല, തന്നില്ലേല്‍ ഞാന്‍ എടുത്തോണ്ടു പോവും എന്നു പണ്ടേ പറഞ്ഞതാണ്. അതാണ് ഇങ്ങനെ ചെയ്തത് എന്നൊക്കെ. ആര്യനും വാവയും വേറെ ചില നാട്ടുപ്രമാണികള്‍ക്കും ഇതു തന്നെ വിശദീകരിക്കുന്നു. അവര്‍ ഉറക്കച്ചടവില്‍ കോട്ടുവാ ഇടുന്നു. ഇടക്കിടെ പുതുതായി വരുന്നവര്‍ ഒക്കെ ഞങ്ങളുടെ ഓട്ടോയില്‍ എത്തിനോക്കി ഞങ്ങളുടെ 2 പേരുടെയും കണ്ണില്‍ ടോര്‍ച്ചടിച്ച് മഞ്ഞളിപ്പിക്കുന്നു. [ആത്മാര്‍ത്ഥതയില്‍ ടോര്‍ച്ചടിക്കുന്നു]. ചിലരുടെ കമന്റുകള്‍ അതിഫീകരന്മാരെ പിടിച്ച മാതിരി.

തീരുമാനം ആയി.... ശരി സുരേന്ദ്രനോട് തന്നെ ചോദിക്കാം, നടക്ക് അവന്റെ വീട്ടിലേക്ക്, ഒരു ഒരു കിലോമീറ്റര്‍ ഞങ്ങള്‍ താണ്ടിയിരുന്നു... ജനസമൂഹം ബൈക്ക് കാരന്റെ നേതൃത്വത്തില്‍ ...
നേതൃത്വത്തില്‍...
നേതൃത്വത്തില്‍...
ഈശ്വരാ‍ ഞാന്‍ എങ്ങനെ പറയും ആ ക്രൂരവിനോദം...

ഞങ്ങളെ കൊണ്ട് അത്രേം ദൂരം ആ 2 ഓട്ടോകളും തള്ളിച്ചു.ഹമ്മേ.... ഇത് പറയുമ്പഴേ എന്റെ കണ്ണില്‍ വെള്ളം നിറയുന്നു... തിന്ന ബിരിയാണി .. നപ്പേ കുജേ..നാഹിനേ...! [പല പ്രയോഗങ്ങളും പോലെ ഇതിന്റേം അര്‍ത്ഥം എനിക്കറീല്ല.]

എന്തേലും പറയാമോ, സുരേന്ദ്രന്‍ സത്യം പുറത്ത് വിടുന്ന വരെ അവരുടെ കണ്ണില്‍ ഞങ്ങള്‍ ഓട്ടോമോഷണതൊഴിലാളികള്‍ ആണ്. എന്റെ ആധി അധികമായി.. വീട്ടില്‍ അറിഞ്ഞാല്‍ ? ഈശ്വരാ അഛ്ചന്‍ പിന്നേം ചിലപ്പോ പട്ടാളത്തിലേക്ക് തിരിച്ച് പോയേക്കും. അതിലും വല്യ പ്രശ്നം നാട്ടുകാരുടെ തല്ല് കിട്ടിയാല്‍ ? പോലീസിനെ വിളിച്ചാല്‍ ? ഭഗവാനേ... പി പി കുട്ടിച്ചാത്താ [പാലയുള്ള പറമ്പത്ത് അമ്പലത്തിലെ കുട്ടിച്ചാത്തന്‍]

ഓട്ടോ തള്ളല്‍ വല്യ രസമില്ല. ഒരു ബിരിയാണിക്ക് വേണ്ടി... നാളേം കൂടെ ഒരു പരീക്ഷ ഉണ്ടായിരുന്നെങ്കില്‍ ഞാനെങ്കിലും രക്ഷപ്പെട്ടേനേ... ഇനി എന്തു പറയാന്‍. ഉച്ചയ്ക്കും ബിരിയാണി, രാത്രിയും ബിരിയാണി, ഇതു ദൈവം തന്ന ശിക്ഷ തന്നെ, ഇനി ജീവിതത്തില്‍ ബിരിയാണി.. അല്ലേ വേണ്ട, 2 ബിരിയാണി ഒരു ദിവസം ഞാന്‍ കഴിക്കൂല്ല.

സുരേന്ദ്രന്റെ വീടെത്തി, ജനക്കൂട്ടത്തില്‍ നിന്നും ആരൊക്കെയോ വീട്ടിന്റെ വാതിലില്‍ മുട്ടി ഗോകുലം ചെയ്തതു പോലെ വിളിച്ചു. "സുരേന്ദ്രാ.... സുരേന്ദ്രാ... സുരേ..."
ഞാന്‍ മനസ്സില്‍ കരുതി [ഒരു പക്ഷേ ഞങ്ങള്‍ 5 പേരും] 'പിന്നേ.. ഇപ്പം തുറക്കും.. കാത്തിരുന്നോ.. ഞങ്ങള്‍ ഇതിലും ഉറക്കെ വാതിലിനു ഇടിച്ചിട്ട് തുറന്നില്ല പിന്നാ.. ആ...പളോ'

ക്ക്ര്ര്ര്ര്.... വാതില്‍ തുറന്നു, ഞങ്ങള്‍ 5 അപരാധികള്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കി.വാതില്‍ക്കല്‍ കൊട്ടിയൂര്‍ ദേവന്റെ ഓടപ്പൂ പോലത്തെ മുടിയുള്ള ഒരു തള്ള, കൈയ്യില്‍ മണ്ണെണ്ണ വിളക്ക്, നിശാഗന്ധി നീ എത്ര ധന്യ..! പുറകില്‍ ചക്കിക്കൊത്ത ചങ്കരന്‍ കിളവന്‍ എത്തി നോക്കുന്നു. ബൈക്ക് കാരന്‍ ഗോകുലത്തിനോട് " താനല്ലേ പറഞ്ഞത് ഇവിടെ ആരും ഇല്ല എന്ന്? താന്‍ വിളിച്ചു എന്നോക്കേ? ഇവര്‍ പിന്നെ ആരാ?? ഇത് സുരേന്ദ്രന്റെ അച്ചനും അമ്മയും" ഉറക്കത്തില്‍ എഴുന്നേറ്റ ജനങ്ങള്‍ക്ക് തല്ലാനുള്ള അവസരം ആയി എന്ന് എനിക്ക് തോന്നി. ഞാന്‍ മുട്ടയെ നോക്കി, അവനു മാത്രമേ തല്ല് കിട്ടുമോ എന്ന ഭയം ഉള്ളു എന്നെനിക്ക് മനസ്സിലായി. ആര്യന്‍ ആവശ്യമില്ലാതെ നേരത്തേ തന്നെ തല്ല് ചോദിച്ച് വാങ്ങാന്‍ ശ്രമിക്കുന്നു. വാവയാണേല്‍ പ്രത്യേകിച്ച് ചോദിക്കണ്ട അവനെ കണ്ടാല്‍ തന്നെ ഒന്ന് കൊടുക്കാന്‍ തോന്നും.

ബൈക്ക് കാരന്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നു തള്ളയോട്, കേട്ടു കഴിഞ്ഞ തള്ള, "എന്റെ ഈശ്വരാ.. ഇങ്ങനെ ആണെങ്കില്‍ വീട് വരെ ഇക്കള്ളന്മാര്‍ കൊണ്ടു പോവുമല്ലോ.. എനിക്കാണേല്‍ കൊറേ കാലമായി ഉറക്കമേ ഇല്ല.. ചെറിയ ശബ്ദം കേട്ടാ ഞാന്‍ എഴുന്നേല്‍ക്കും എന്നിട്ടും....."
"ഇവിടത്തെ ചെക്കന്‍ [സുരേന്ദ്രന്‍] ഓട്ടോ മാങ്ങീ‍ട്ട് ഒരാഷ്ച ആയില്ല അതിനു മുന്‍‌പേ ഇക്കള്ളന്‍‌മാര്‍ എങ്ങനെ മണത്തറിഞ്ഞു.."

പേട്ട് കെളവിയെ ശരിക്കും ചവിട്ടിക്കൂട്ടാന്‍ തോന്നി, എത്ര പ്രാവശ്യം വിളിച്ചതാ ഈ ഉറങ്ങാമങ്കയെ? കള്ളന്മാര്‍ എന്ന വിശേഷണം തന്നു കഴിഞ്ഞു. തല്ല് വരാറായി, എന്റെ മുതുകിനു ആരേലും നോക്കുന്നുണ്ടോ ?? ആര്യന്‍ ഫലപ്രാപ്തി അടയാറായി, ആരോ അവന്റെ കോളറയില്‍ പിടിയിട്ടു. ബൈക്ക് കാരന്‍ ഇടപെട്ടു... സുരേന്ദ്രന്‍ വരട്ടെ എന്നിട്ട് എന്തു വേണെലും ചെയ്യാം. തല്‍ക്കാലം രംഗം ശാന്തം എന്നു വേണമെങ്കില്‍ പറയാം, എന്നാലും ഒരു മൂലയ്ക്ക് നിക്കുന്ന എന്നെയും വിശാഖിനെയും വാച്ച് ചെയ്യാന്‍ ഒരു കൂട്ടം ആള്‍ക്കാര്‍. എല്ലാം നല്ല ഇട്ടിക്കണ്ടപ്പന്മാര്‍, ഡിങ്കന്‍സ്..

സുരേന്ദ്രനെ തപ്പി പോയ ആള്‍ക്കാര്‍ ഏതോ കല്യാണവീട്ടില്‍ റമ്മി കളിച്ചോണ്ടിരുന്ന സുരേന്ദ്രനെ പൊക്കിക്കൊണ്ടു വന്നു. അവന്‍ ഗോകുലത്തിനെ ആ അവസ്ഥയില്‍ കണ്ടതും ചിരിയോട് ചിരി.. അവന്റെ ചിരിയില്‍ ഞങ്ങള്‍ക്ക് എല്ലാര്‍ക്കും അമര്‍ഷം വന്നു എങ്കിലും സംഘര്‍ഷാവസ്ഥ ഒന്നയയട്ടെ എന്നു കരുതിയാവും ഗോകുലവും ചിരിച്ചു. ബൈക്ക് കാരന്‍ ഒരു എഫ്.ബി.ഐ കാരനെ പോലെ സുരേന്ദ്രനോട് കാര്യങ്ങള്‍ പറഞ്ഞു. സുരേന്ദ്രന്‍ നല്ല ഒരു പണി തന്ന സമാധാനത്തില്‍ ആണ് സംസാരിക്കുന്നത്, ഗോകുലം നല്ല പണികിട്ടീയ ക്ഷീണത്തിലും. അവസാനം കാശ് ഒരാഴ്ചയ്ക്കകം തരാം എന്ന ഉപാധിയില്‍ ഞങ്ങള്‍ ചുരമിറങ്ങി.

വരുന്ന വഴിയില്‍ ഞാന്‍ ഒന്നും മിണ്ടിയില്ല, എന്തു പറയാന്‍.. എന്റെ കയ്യിലിരുപ്പ്. എന്തായാലും അതിനു ശേഷം ആരേലും വണ്ടിയും കൊണ്ട് വന്ന് "കേറളിയാ‍ാ.... " എന്നു പറഞ്ഞാല്‍ ഞാന്‍ ഒന്ന് ആലോചിച്ചേ കേറു എന്നു തീരുമാനിച്ചു. നടപ്പിലാക്കാന്‍ പറ്റീട്ടില്ല.പിന്നേം പല പ്രാവശ്യം സമാ‍നസംഭവങ്ങള്‍ ഉണ്ടായി.
ഞാന്‍ നന്നാവൂല്ല....

Wednesday, April 30, 2008

‘റിക്വയര്‍‌മെന്റ് സ്റ്റഡി‘ അനുഭവം.

ഒരു അനുഫവ കദനകഥ കൂടി ഇട്ടേക്കാം......

1997-2000 കാലയളവ്, ഡിഗ്രിക്ക് ചേര്‍ന്ന മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു. കമ്പ്യൂട്ടര്‍ എല്ലാം തകരാന്‍ പോകുന്നു വൈ.ടു.കെ വരുന്നു എന്നൊക്കെ ആള്‍ക്കാര്‍ പറഞ്ഞ് പേടിപ്പിക്കുന്ന കാലം. ഞാനാണേ കഷ്ടപ്പെട്ട് ചില്ലറ കുറുക്കന്‍ പ്രോ [Fox Pro] , സി അധികം അധികം [C++] ഒക്കെ പടിച്ചു വരുന്നതേ ഉള്ളൂ. പടിക്കുന്നതില്‍ കോണ്‍സണ്ട്രേഷന്‍ ഇല്ല, കാരണം തകരാന്‍ പോവുന്ന കമ്പ്യൂട്ടറിന്റെ എന്തു ക്ണാപ്പ് പഠിച്ചിച്ചെന്താ എന്ന മനോഭാവം. അല്ലേലും പടിക്കാന്‍ വയ്യ അതു തന്നെ പ്രശ്നം. അതിനു ഇതും ഒരു കാരണം, മോങ്ങാനിരുന്ന.... അതു തന്നെ...

ഇതിന് മുന്‍പ് പറയേണ്ട ഒരു കാരും ഇണ്ട്.. മറന്നീന്.
ഡിഗ്രിക്ക് ചേര്‍ന്ന ഉടനെ തന്നെ ചില പുലികള്‍ എന്നെ പേടിപ്പിച്ചിരുന്നു എന്നു ഞാന്‍ പറഞ്ഞല്ലോ, അവരുടെ മുന്നില്‍ പിടിച്ച് നിക്കാനായി ഞാന് ഒരു കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ചേര്‍ന്നു.. വിന്‍-ടെക്. ചേര്‍ന്ന അന്ന് അവിടത്തെ പ്രിന്‍സിപ്പല്‍ മഹേശന്‍ “ഇറ്റ്സ് നോട്ട് എ പ്രോബ്ലം.. യൂ വില്‍ ഗെറ്റ് ഗുഡ് ട്രയിനിങ്ങ് ഹിയര്‍....”. സംഭവം തന്നെ.. ചേര്‍ന്നു.. ആദ്യ 2 ദിവസം സി [C] എന്ന കമ്പ്യൂട്ടര്‍ ഭാഷ ആണ് പഠിപ്പിച്ചത്.

പോവെ പോവെ, പ്രിന്‍സിപ്പല്‍ മഹേശന്‍ അവിടത്തെ പ്രിന്‍സിപ്പലും , സ്റ്റാഫും, പ്യൂണും എല്ലാമെല്ലാമാണ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ആദ്യമൊന്നും എനിക്ക് ചിത്രപ്പണി വരക്കുന്ന [വിന്‍‌ഡോസ് പെയിന്റ്] കളറുള്ള കമ്പ്യൂട്ടര്‍ പോലും ഇല്ല, അടുത്തിരിക്കുന്ന ചള്ള് പിള്ളേര്‍സ് ഒരുത്തനെ മതിലില്‍ കേറ്റുന്ന എന്തോ കളി കളിക്കുന്നു, ഞാന്‍ ആണേ കാടി വെള്ളത്തില്‍ നോക്കിയ പോലത്തെ സ്ക്രീനില്‍ നോക്കി ആവിയിടുന്നു.

പതിയെ ഞാന്‍ സീറ്റുകള്‍ മാറാന്‍ തുടങ്ങി, ബൈ പ്രൊഗ്രാമിങ്ങ് കമോണ്‍ ഗേമിങ്ങ് , ഹി ഹി. ഞാന്‍ ഒരു ഭയങ്കര ഗേയിം വീരനായി. മഹേശനും ഞാനും എടാ പോടാ ബന്ധം. എന്നെ സഹതാപത്തോടെ നോക്കിയിരുന്ന ചള്ള് പിള്ളെര്‍സിന് ഗേയിം കളിക്കണേ ഞാന്‍ കനിയണം. ഐ ആം ദ ഹാപ്പി. മഹേശന്‍ ദ ഹാപ്പി. അവന് ഉറങ്ങാനും പഞ്ചാര അടിക്കാനും യഥേഷ്ടം സമയം..

അങ്ങനെ കുറേ കൂട്ടുകാരായി.... വൈകുന്നേരം വിന്‍‌‌ടെക് ഒരു ആലയം, ചായ കാപ്പി പരിപ്പ്‌വട സിഗരറ്റ് പാന്‍പരാഗ് വായിനോട്ടം. തരുണീമണികളുടെ കൈ പിടിച്ച് മൌസ് പരിശീലനം. ഗള്‍ഫിലെ ഭര്‍ത്താവിനോട് ചാറ്റാന്‍, കമ്പ്യൂട്ടര്‍ പഠിക്കാന്‍ വരുന്ന ഗുണ്ടുമണി താത്തമാര്‍.. ഉരുണ്ട സ്വര്‍ണ്ണമഹല്‍ ജ്വല്ലറി വളയിട്ട കൈകള്‍... മനോഹരം. എന്തായാലും മഹേശനും കൂട്ടര്‍ക്കൂം മടുത്തത് കൊണ്ടാവാം , അല്ലേല്‍ എന്റെ പ്രായം പരിഗണിച്ചാവാം എനിക്ക് നല്ല അവസരങ്ങള്‍ കിട്ടിക്കൊണ്ടിരുന്നു.

മഹേശന് ചില്ലറ മൃദുലവസ്തുക്കളുടെ ഇടപാടുകള്‍ ഉണ്ടാരുന്നു. അതായത് ജ്വല്ലറി, മെഡിക്കല്‍‌സ് മുതലായവയ്ക്ക് സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കി കൊടുക്കുക.
മഹേശന്‍ , പിന്നെ ഒരു മനോജ്, ഗിരീഷ് എന്നിവര്‍ ചേര്‍ന്നാണ് പരിപാടി. ഒരിടത്ത് ചെയ്തത് കണ്ട് വീണ്ടും വേറെ ചിലര്‍ വരും അങ്ങനെ ഒരു പരസ്യവുമില്ലാതെ തരക്കേടില്ലാത്ത ഒരു ബിസിനസ്.

ഒരു ദിവസം രാവിലെ മഹേശും എന്നോട് കൂടെ ചെല്ലാന്‍ പറഞ്ഞു, ഒരു വലിയ മെഡിക്കല്‍ ഷോപ്പിനു പുതിയ സോഫ്റ്റ്‌വെയര്‍ വേണം, റിക്വയര്‍‌മെന്റ് സ്റ്റഡി. അതായത് അവര്‍ക്ക് എന്തൊക്കെ വേണം , എങ്ങനെ വേണം എന്നൊക്കെ അവിടെ പോയി ചോദിച്ചു മനസ്സിലാക്കി അതു ഒരു 100 പേജ് വരയിട്ട നോട്ടുബുക്കില്‍ എഴുതുക. ശരി ഞാന്‍ വരാം, എനിക്ക് വേറെ എന്താ പണി.

എല്ലാം നല്ല രീതിയില്‍ പോയിക്കൊണ്ടിരിക്കുന്നു.. മഹേശ് കാര്യങ്ങള്‍ ചോദിക്കുന്നു, മെഡിക്കല്‍ ഷോപ്പിലെ 2 ജീവനക്കാര്‍ പിന്നെ ബില്ല് വാങ്ങുന്ന ആള്‍ എന്തൊക്കെയോ പറയുന്നു. ഞാന്‍ എഴുതിയത് ശരിയാവാത്തത് കൊണ്ട് മഹേശന്‍ തന്നെ എഴുതുന്നു, ഞാന്‍ മെഡിക്കല്‍ ഷാപ്പിലെ അലമാരയിലെ കാമസൂത്ര പാക്കറ്റ് ഇടയ്ക്കിടയ്ക്ക് പാളി നോക്കുന്നു ,കാരണം എന്താന്നോ, അതിനെ പുറത്ത് ഒരുത്തന്‍ ഒരുത്തിയെ കെട്ടിപ്പിടിക്കുന്നു, അവന്റെ കയ്യ് എവിടാന്നു ഒരു പിടിത്തോം ഇല്ല..ആകേ ഗണ്‍ഫ്യൂഷന്‍..

ബില്ലിങ്ങ് ചേട്ടായീടെ മുന്നില്‍ ഒരു കമ്പ്യൂട്ടര്‍ ഉണ്ട്, പുതുപുത്തന്‍, മൂപ്പര്‍ പട്ടിക്ക് പൊതിയാ തേങ്ങ കിട്ടിയ പോലെ വെച്ചിരിക്കുകയാണ്, ആകെ ചെയ്യുന്നത് പാട്ടു കേള്‍ക്കല്‍ മാത്രം.അത് മുതലാളീടെ അളിയന്റെ പരിഷ്കാരം ആണത്രേ, മൂപ്പര്‍ ഇതൊക്കെ അറിയാവുന്ന ആളാണ്, മൂപ്പരാണ് നമ്മളെ വരുത്താന്‍ തന്നെ കാരണം എന്നൊക്കെ ബില്ല് മേടിച്ച് സീല്‍ അടിച്ച് ടപ്പേന്നു മേശപ്പുറത്തെ കുന്തത്തിന്‍‌മേല്‍ കുത്തിക്കേറ്റുന്ന പഹയന്‍ പറഞ്ഞു.

ഇടയില്‍ ഒരു തടിയന്‍ ജൂബ്ബ അങ്ങോട്ട് കേറി വരുന്നു, കയ്യില്‍ സ്വര്‍ണ്ണ വലയം , ഗോള്‍ഡന്‍ ഫ്രെയിം, നടേശന്‍ ഫെയര്‍ & ലവ്‌ലി തേച്ച ലുക്ക്. [അടുക്കള ചിമ്മിനിക്കകത്ത് കുമ്മായം തേച്ച പോലെ എന്നും പറയാം] അകത്തേക്ക് എത്തിയതിനാല്‍ മൂപ്പര്‍ ഇതിന്റെ ആരോ ആണ് എന്ന് മനസ്സിലായി. ബില്ല് വാങ്ങി തുളയ്ക്കുന്ന ചേട്ടനോട് എന്തൊക്കെയോ കുശലം , പിന്നീട് വേറെ ഒരു മുറിയിലേക്ക്. ആരാന്നു ചോദിച്ച മഹേശനോട് മുതലാളിയുടെ അളിയനാ എന്നു ബില്ലിങ്ങ് ചേട്ടായി.

വീണ്ടും എല്ലാരും ബിസി... തടിയന്‍ ഇറങ്ങി വരുന്നു, പോണ വഴിയില്‍ നമ്മുടെ അടുത്തേക്ക്. ബില്ലിങ്ങിനോട്...

“എന്തന്നാ സുരേന്ദ്രാ ഇത്?”
“ഇതമ്മളെ ഈ ബില്ലടിക്കുന്നതെല്ലാം കമ്പ്യൂട്ടറിലാക്കാനിള്ള പരിപാടിയാ അശോകേട്ടാ... ”
“ഇവരേതാ ?”
“ഇബര ഇങ്ങള് പറഞ്ഞിറ്റ് അമ്മളെ പ്രകാശന്‍ ഏര്‍പ്പാടാക്കിയതാ, ഓന്റെ പീടികേലെ ഇത് ചെയ്തത് ഇബരാ...”
“അത് ശരി.... ഞ്ഞി അമ്മക്ക് എന്താല്ലാ മാണ്ടേന്ന് പറഞ്ഞ് കൊടുത്തിനോ?”
“ഇല്ല തോടങ്ങീറ്റേ ഇള്ളൂ... ഉമ്മക്ക് എല്ലാ സ്റ്റോക്കും ഇതില് കേറ്റാം, എന്നിറ്റ് ആരേലും ബന്ന് ചോദിച്ചാ‍ ആ മരുന്നുണ്ടോ എന്നു നോക്കാം അങ്ങനെ കൊറെ പരിപാടികള്‍ ഇണ്ട്”
“മറ്റേ ടാക്സ് പരിപാടി എല്ലാം... “
“അതെല്ലാം ചെയ്യാന്‍ പറ്റും..”
..................
...................

ഇങ്ങനെ സംസാരം പോയിക്കൊണ്ടിരിക്കുന്നു. അശൊകേട്ടന്‍ തന്റെ അറിവ് പ്രകടിപ്പിക്കുന്നു, സംശയങ്ങള്‍ വാരി വിതറുന്നു.

പെട്ടെന്ന് മുന്നിലിരുന്ന കമ്പ്യൂട്ടറിന്റെ കീ-ബോര്‍ഡ് കയ്യിലെടുക്കുന്നു.. മഹേശിനോട്

“ഈ കാപ്സ് [Caps] എന്ന കീ ഞെക്കിയാ എനിക്ക് കാപ്സ്യൂള്‍സ് ലിസ്റ്റ് വരണം..”

ടപ്പേ............ മഹേശന്‍ ഞെട്ടി...

മഹേശ് എന്തു പറയണം എന്നറിയാതെ എന്നെ നോക്കുന്നു..

ഉടന്‍ അടുത്ത റിക്വയര്‍‌മെന്റ്...

“ഈ ടാബ് [Tab] എന്ന കീ ഞെക്കിയാ എനിക്ക് ടാബ്‌ലറ്റ്സിന്റെ ലിസ്റ്റ് വരണം”

ശൂ..........
മഹേശന്റെ മുഖം ചുവക്കുന്നു.... എനിക്ക് ചിരി അടക്കാന്‍ പറ്റുന്നില്ല, സുരേന്ദ്രന് ഒന്നും മനസ്സിലാകുന്നില്ല.

ഒരു വിധത്തില്‍ മഹേശന്‍ മൂപ്പരെ പറഞ്ഞ് മനസ്സിലാക്കുന്നു അത് അമ്മാതിരി കീ അല്ല. ഇന്ന ഇന്ന ആവശ്യത്തിനുള്ളതാ എന്നൊക്കെ..
ആദ്യം അംഗീകരിച്ചില്ലെങ്കിലും അവസാനം മൂപ്പര്‍ ‘നിങ്ങള്‍ എന്തേലും ചെയ്യ് ഞാന്‍ എനിക്ക് പറയാനുള്ളത് പറഞ്ഞു’ എന്ന മനോഭാവത്തില്‍ മൂളി...

തളര്‍ന്നു പോയ ഞാനും മഹേശും വെളിയിലേക്ക്... ദേഷ്യം സഹിക്കാന്‍ വയ്യാതെ മഹേശ് : “ ഹോം [Home] എന്ന കീ മൂപ്പര്‍ കാണാഞ്ഞത് ഭാഗ്യം, അതു ഞെക്കിയാ എന്റെ വീട്ടില്‍ എന്തു നടക്കുന്നു എന്നു കാണണം എന്നു പറഞ്ഞെനേ...#$#%&**@ ”


ഇന്നും പല റിക്വയര്‍‌മെന്റ് സ്റ്റഡിക്കു പോകുമ്പോഴും ഞാനീ കഥ ഓര്‍ക്കാറുണ്ട്, കൂടെ ഉള്ളവരോട് പങ്കു വെക്കാറുണ്ട്.

Thursday, January 31, 2008

എന്നാലും എന്റെ ബിനോയീ, നിന്റെ ഒരു പാലിന്‍‌ഡ്രോം...

“മാളസ്മിതയും ആന്‍സിയും“ എന്നതിനു ശേഷം ഒരു കലാലയ കലാപരിപാടി ഇട്ടു കസറണം എന്നു കരുതിയിരിക്കുവാരുന്നു. ഇപ്പൊ ഇത്തിരി സമയം കിട്ടി.അപ്പോ ഒരു പഴയ കാര്യം അയവിറക്കാം എന്നു കരുതി.

രംഗങ്ങള്‍ എല്ലാം അതു തന്നെ... അതേ കോളേജ്, അതേ പൊടിപിടിച്ച കമ്പ്യൂട്ടറുകള്‍, അതേ ഞാന്‍, അതേ ബ്ലോഗ് [ഇതിപ്പ എന്തിനാ ഇവിടെ പറയുന്നതു.. ആ... ആര്‍ക്കറിയാം]

“മാളസ്മിതയും ആന്‍സിയും“ മനസ്സിലാക്കിയവരും ഈ എളിയവനെ [ഇളിയന്‍ അല്ലാ... അങ്ങനെ ഒരു ഇരട്ടപേര്‍ അമ്മയാണെ
എനിക്ക് 5-ആം ക്ലാസില്‍ ഇല്ലാരുന്നു, സത്യം.] പ്രൊത്സാഹിപ്പിച്ചവരും ഇച്ചിരി ഒക്കെ കമ്പ്യൂട്ടര്‍ പുറകുവശമൈതാനം ഉള്ളവരാണു എന്നെനിക്കറിയാം.

അപ്പം... നമ്മടെ കഥാനായകന്‍ പേരു ബിനോയ് പി മാത്യു, കുടിയേറിപ്പാര്‍ത്ത ഇരിട്ടിയില്‍ നിന്നും കമ്പ്യൂട്ടര്‍ പടിക്കാന്‍ കുടിയിറങ്ങി വന്നവന്‍.
മൂപ്പിലാന്‍ നമ്മടെ സീനിയര്‍ ആണു, കോഴ്സിനു വന്നു ചേരുന്ന കാലത്തു ആദ്യം പരിചയപ്പെട്ടതില്‍ ഒരാള്‍. താമസ സൌകര്യം [‘സൌ‘ നേരെയാക്കാന്‍ ഞാനല്ല എന്റെ അപ്പന്‍ വിചാരിച്ചാല്‍ നടക്കൂല്ല, ‘ഔ‘ മാത്രം നേരെ വരും, വേറെ ഒന്നിനും നേരെ വരാന്‍ സൌകര്യം ഇല്ല. ദേ പിന്നേം.. ഇവനെ ഏതേലും ബ്ലോഗിന്‍ നേരെ ചൊവ്വേ കണ്ടാല്‍ എന്നെ വിവരം അറിയിക്കണം കേട്ടോ.] ഏര്‍പ്പാടാക്കാന്‍ എന്നെ സഹായിച്ചതും പുള്ളി ആണു. പോതുവെ സൌമ്യന്‍,ശാന്തന്‍,സുശ്ശീല്‍ കുമാര്‍.

ബിനോയി താമസിക്കുന്നതു , ജോബി എന്നു പറയുന്ന വേറെ ഒരു അച്ചായന്റെ കൂടെ, മൂപ്പര്‍ ഒരു മിതഭാഷി, നല്ല പോലെ പാചകം അറിയാം, അല്ലേല്‍ അതു വേണ്ട, നമുക്കറിയാത്ത കാര്യം എന്തിനാ നമ്മള്‍ പറയുന്നേ, അല്ലേ ? നല്ല മണമുള്ള കറി ഒക്കെ ഉണ്ടാ‍ക്കാന്‍ അറിയാം [ഞാന്‍ അടുത്ത റുമിലായിരുന്നു താമസം].

അടങ്ങി ഒതുങ്ങി നടക്കുകയും, കേള്‍‌ക്കേണ്ട ആള്‍ വേണമെങ്കില്‍ കാതോര്‍ത്തു കേട്ടോളണം എന്ന രീതിയില്‍ സംസാരിക്കുന്ന ബിനോയിയെ ഞങ്ങള്‍ വിളിക്കുന്ന പേര് രാധ എന്നായിരുന്നു, ജോബിയെ വിളിക്കുന്നതു രാജു. കടപ്പാട്:ബാലരമ-മായാവി

അപ്പോ സംഭവം ഇങ്ങനെ,

നമ്മടെ ചേട്ടന്മ്മാര്‍ക്കും ചേച്ചിമാര്‍ക്കും ലാബ് ടെസ്റ്റ്, നമ്മള്‍ വന്ന പുതുശ് അറപ്പൊക്കെ മാറി, ലാ‍ബില്‍ ആരും കാണാതെ ഗെയിം കളിച്ചു നടക്കുന്ന കാലം.
സീനിയേര്‍സ് 10 പേരടങ്ങുന്ന ഒരു ബാച്ച് പ്രോഗ്രാം എഴുതാന്‍ തുടങ്ങുന്നു, ഞാനും പിന്നെ എന്റെ ക്ലാസിലെ 2 അശുകളും ബാക്കി വന്ന 2 സിസ്റ്റത്തില്‍ എന്തൊക്കെയോ ചെയ്യുന്നു. എന്തായിരുന്നു??? യെസ്, റെക്കൊര്‍ഡ് ബുക്ക് പ്രിന്റ് ചെയ്യല്‍, അതു ഒരു യഞ്ജം ആണു, ക്ലാ‍സിലെ 10 പേരുടെ പ്രോ‍ഗ്രാംസ് പ്രിന്റ് എടുക്കണം. ഞാന്‍ ചുളുവില്‍ കിട്ടിയ സമയത്തില്‍ എന്റെ പ്രോഗ്രാമുകള്‍ കമന്റുകളും വര്‍ണ്ണത്തോരണങ്ങളും വെച്ച് അലങ്കരിക്കുകയാണു.

ലാബ് എക്സാമിനര്‍ ഷീബാ മാഡം. സാരി വിഷമിച്ച് പുറകില്‍ നിന്നും എത്തിപ്പിടിച്ച് ചുറ്റിപ്പുതച്ചു നടക്കുന്ന കൊച്ചു ടീച്ചര്‍. പാവം,പഞ്ചപ്പാവം മലപ്പുറം കാരി നാണം കുണുങ്ങി. ക്ലാസെടുക്കുംബോള്‍ തന്നെ ഒന്നു തുറിച്ചു നോക്കിയാല്‍ പേടിക്കും. വന്നിട്ട് 1 മാസമേ ആയുള്ളു, ഞങ്ങളെക്കാള്‍ 2 വയസ്സ് കൂടും അത്ര തന്നെ.

അങ്ങനെ എല്ലാരും പ്രോഗ്രാം ചെയ്യാന്‍ തുടങ്ങി, ഞാന്‍ ഇരിക്കുന്നതിന്റെ അടുത്ത സിസ്റ്റത്തില്‍ സുകുമാരന്‍ സുന്ദര വദനന്‍ മി.. ബിനോയ് . പി . മാത്യു ഇരിക്കുന്നു.

ഷീബ ടീച്ചര്‍ പുറത്തു പോയ തക്കത്തില്‍ ഞാന്‍: “ഇച്ചായോ.. എന്തരു പ്രോഗ്രാം?”
ബിനോയ്:“സ്റ്റ്രിങ്ങ് റിവേര്‍സ് ആന്‍ഡ് ചെക്ക് ഫോര്‍ പാലിന്‍‌ഡ്രോം”

ബുഹുഹഹഹാ.. സംഭവം ഒന്നുമില്ല, ഒരു വാക്ക് കൊടുത്താല്‍ അതിലെ അക്ഷരങ്ങള്‍ വലത്തു നിന്നും ഇടത്തേക്ക് പ്രിന്റ് ചെയ്യുക, എന്നിട്ട് അതു പാലിന്‍‌ഡ്രോം ആണൊ എന്നു പറയുക.

പാലിന്‍‌ഡ്രോം എന്താ‍ന്നു ചോദിച്ചാ... നമ്മടെ MALAYALAM ഇല്ലേ? അതു തിരിച്ചിട്ടാലും മറിച്ചിട്ടാലും MALAYALAM അതു പോലെ LIRIL അങ്ങനെ അങ്ങനെ.
പാലിന്‍‌ഡ്രോമിന്റെ മലയാള പദം തേടി ഞാനെത്തിപെട്ടതു ഒരു സിംഹത്തിന്റെ.. ച്ചേ.. വിക്കിപ്പീഡിയയുടെ പേജില്‍, “അനുലോമവിലോമപദം“ ഇതാണത്രേ അതിന്റെ മലയാളം. ഹമ്മച്ചീ....

ജഗതി ഒരു പടത്തില്‍ പറയുന്നുണ്ട്, സുരാസു... തിരിച്ചിട്ടാലും മറിച്ചിട്ടാലും സുരാസു., പിന്നെ കത്രിക, ജലജ ഇതൊക്കെ അതില്‍ പെടും.

ലോകത്തിലെ ഏറ്റവും വലിയ പാലിന്‍ഡ്രോം ലോ ലിവിടെയുല്ല ലിങ്കില്‍ ലുടക്കി കിടക്കുന്നു..
http://www.bernsrite.com/GMB/2007-10-30%2031358%20words%20Pal%20Ckr.htm


അങ്ങനെ സമയം ഇങ്ങനെ പോയീ... ഞാന്‍ എന്റെ പണിയില്‍.. ബാക്കിയുള്ളവര്‍ അവരുടെ പണിയില്‍,ഷീബാമിസ് ഉലാത്തുന്നു...
സമയം തീരാറായി... ബിനോയ് എല്ലാം ചെയ്തു കഴിഞ്ഞ മട്ട്.. ഞാന്‍ നോക്കുംബോ ഔട്ട്‌പുട്ട് സ്ക്രീന്‍ തുറിച്ചു നോക്കി ഇരിക്കുന്നു.. ഞാനും എത്തി നോക്കി, നമ്മടെ ചേട്ടന്മാര്‍ വല്ലതും പടിക്കുന്നുണ്ടോ എന്നറിയണ്ടേ? വേണ്ടേ ?

സ്ക്രീനില്‍:
Please Enter A Word to Reverse & Check for Palindrome: MALAYALAM
Reversed Result: "MALAYALAM "

MALAYALAM Is a PALINDROME !

Press Enter to continue, Esc. to Exit

Please Enter A Word to Reverse & Check for Palindrome: MANORAMA
Reversed Result: "AMARONAM "

MANORAMA Is a NOT A PALINDROME !

Press Enter to continue, Esc. to Exit

എന്റെ മനസ്സില്‍:
അച്ചായന്‍ ഗൊള്ളാം...

പക്ഷെ..... ആ ഫീകര സംഭവത്തിനാസ്പദമായ എന്റെ സംശയം തലപൊക്കീ.....
Reversed Result: "MALAYALAM "
ഇതില്‍ "MALAYALAM " എന്നതില്‍ അവസാനത്തെ M നു ശേഷം ഒരു അനാവശ്യ “ ” സ്പേസ് ഇല്ലേ?? ഉണ്ട്... ഇല്ലേ?
ഉണ്ട്.... Reversed Result: "AMARONAM " ഇതിലും ഉണ്ട്..
ബിനോയ് എല്ലാം നീറ്റ് ആ‍യി ചെയ്തിരിക്കുന്നു, ച്ഛെ... അതു ഒരു വൃത്തികേട് തന്നെ.. ഞാന്‍ തെറ്റ് ബിനോയിയെ ചൂണ്ടിക്കാണിച്ചു.
ബിനോയ്: “അതൊന്നും സാരമില്ലടേ... സമയം തീര്‍ന്നു, ഇപ്പൊ മിസ് ടെസ്റ്റ് ചെയ്യാന്‍ വരും”
ഞാന്‍: “അതൊരു പ്രശ്നമേ അല്ല ഇച്ചായാ.. പരിഹാരം ലൂപ്പിന്റെ കൌണ്ടര്‍ ഒന്നു കുറയ്ക്കുക. അപ്പോ ആ സ്പേസ് പൊയ്ക്കോളും”

ഷീബാമിസ് കയറി വന്നു.. ഞാന്‍ ഡിസന്റായി എന്റെ പണി നോക്കാന്‍ തുടങ്ങി, ബിനോയ് ആ നിസ്സാരമായ തിരുത്തലും.

ഷീബാമിസ്: “മതി,സമയം കഴിഞ്ഞു... ഐ വില്‍ ചെക്ക് ദ ഔട്ട്‌പുട്ട് നൌ.”

ബിനോയ് എന്നോട് അളിയാ എന്തോ പ്രശ്നം, ഇപ്പൊ അവസാനം 2 സ്പേസ് വരുന്നു. "MALAYALAM " എന്നു.
ഞാനാരാ മ്യോന്‍.. ഞാമ്പറഞ്ഞു ലൂപ്പ് കൌണ്ടര്‍ 3 എണ്ണം കുറയ്ക്കു എന്നു, എന്റെ കണക്ക് ഇങ്ങനെ, ആദ്യത്തെ 1 സ്പേസ് + ഇപ്പ പറഞ്ഞ 2 സ്പേസ്, മൊത്തം 3 എണ്ണം കുറയ്ക്കണം.. എന്താ കറക്ടല്ലേ?

ചെക്ക് ചെയ്യാന്‍ സമയമില്ല, ടീച്ചര്‍ എത്തി ശരിം ഇനി അഥവാ കൂടിയാലും " MALAYALA" ആവും അത്രേയല്ലേ ഉള്ളൂ.. ഒരു M കട്ട് ആയിപ്പോവും സാരമില്ലാ.. അപ്പോ ബിനോയ് മാറ്റിക്കോളും എന്നു ഞാന്‍ മനസ്സില്‍ കരുതി..
എന്നാല്‍.......
എന്നാല്‍..... സാരമായി സഹോദരീ സഹോദരന്മാരേ.......സാരമായീ...

ഷീബാമിസ് വന്നു, പ്രോഗ്രാം റണ്‍ ചെയ്തു,

സ്ക്രീനില്‍:
Please Enter A Word to Reverse & Check for Palindrome:

ഷീബാമിസ് ബിനോയ് [BINOY] എന്നു എന്റര്‍ ചെയ്യുന്നു..

സംഭവം തിരിച്ചു പ്രിന്റ് ചെയ്തു വന്നു, എന്നാല്‍ BINOY യുടെ ആദ്യത്തെ B തിരിച്ചിട്ടതില്‍ ഇല്ലാ..... ഈശ്വരാ.... Y യില്‍ സ്റ്റാര്‍ട്ട് ചെയ്യുന്നു I യില്‍ അവസാനിക്കുന്നു, അവസാനം വരേണ്ട B ഇല്ലാ..

ഷീബാമിസ് ഒരു നിമിഷം കൊണ്ട് വിയര്‍ത്തു കുളിച്ചു.... എനിക്ക് എന്താ വേണ്ടതു എന്നു മനസ്സിലാകുന്നില്ലാ..
ഇതൊന്നും പോരാഞ്ഞു ബിനോയ് ആ പ്രിന്റ് ചെയ്തതു ഉറക്കെ വായിക്കുകയും ചെയ്തു.... ഹമ്മേ.....

ബിനോയിയുടെ കമ്പ്യൂട്ടര്‍ പെട്ടെന്ന് റീസ്റ്റാര്‍ട്ട് ആയി.. [കാര്യം മനസ്സിലായ അവന്‍ എന്തോ ചെയ്തതാണു... ] ഷീബാമിസ് വന്ദനത്തില്‍ മോഹന്‍ലാല്‍ റോഡ് ക്രോസ് ചെയ്യുന്ന പോലെ ബോധമില്ലാതെ പുറത്തേക്കു...

എന്തായാലും... ഞാന്‍ അന്നു ടൊയ്‌ലറ്റില്‍ വാതിലടച്ചു ചിരിച്ചതിനു കയ്യും കണക്കുമില്ലാ... ഹോ..

ചിരി ഒക്കെ കഴിഞ്ഞു പുറത്തിറങ്ങിയപ്പോ എന്നെ കാത്തു ബിനോയ്, ശാന്തസ്വഭാവശീലന്‍ എന്ന എന്റെ അവനെ പറ്റിയുള്ള ധാരണ അവന്‍ മാറ്റിത്തന്നു.
അവന്‍ തെറിവിളിക്കുന്നു... ഞാന്‍ ചിരിക്കുന്നു... പിന്നേം വിളിക്കുന്നു ഞാന്‍ ചിരിക്കുന്നു.. ഹി ഹി
അവസാനം അവന്‍ ഇതാരും അറിയരുതു എന്നു പറഞ്ഞു, അതു ഞാനേറ്റു എന്നു ഞാന്‍ പറഞ്ഞു. അങ്ങനെ എല്ലാരും അറിഞ്ഞു, ഞാന്‍ ഏറ്റതല്ലേ?
ഇനി ഇപ്പോ ഇങ്ങനേം പരസ്യം കൊടുക്കാം ഇതിനു...
സന്തോഷമായീ....