Wednesday, April 30, 2008

‘റിക്വയര്‍‌മെന്റ് സ്റ്റഡി‘ അനുഭവം.

ഒരു അനുഫവ കദനകഥ കൂടി ഇട്ടേക്കാം......

1997-2000 കാലയളവ്, ഡിഗ്രിക്ക് ചേര്‍ന്ന മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു. കമ്പ്യൂട്ടര്‍ എല്ലാം തകരാന്‍ പോകുന്നു വൈ.ടു.കെ വരുന്നു എന്നൊക്കെ ആള്‍ക്കാര്‍ പറഞ്ഞ് പേടിപ്പിക്കുന്ന കാലം. ഞാനാണേ കഷ്ടപ്പെട്ട് ചില്ലറ കുറുക്കന്‍ പ്രോ [Fox Pro] , സി അധികം അധികം [C++] ഒക്കെ പടിച്ചു വരുന്നതേ ഉള്ളൂ. പടിക്കുന്നതില്‍ കോണ്‍സണ്ട്രേഷന്‍ ഇല്ല, കാരണം തകരാന്‍ പോവുന്ന കമ്പ്യൂട്ടറിന്റെ എന്തു ക്ണാപ്പ് പഠിച്ചിച്ചെന്താ എന്ന മനോഭാവം. അല്ലേലും പടിക്കാന്‍ വയ്യ അതു തന്നെ പ്രശ്നം. അതിനു ഇതും ഒരു കാരണം, മോങ്ങാനിരുന്ന.... അതു തന്നെ...

ഇതിന് മുന്‍പ് പറയേണ്ട ഒരു കാരും ഇണ്ട്.. മറന്നീന്.
ഡിഗ്രിക്ക് ചേര്‍ന്ന ഉടനെ തന്നെ ചില പുലികള്‍ എന്നെ പേടിപ്പിച്ചിരുന്നു എന്നു ഞാന്‍ പറഞ്ഞല്ലോ, അവരുടെ മുന്നില്‍ പിടിച്ച് നിക്കാനായി ഞാന് ഒരു കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ചേര്‍ന്നു.. വിന്‍-ടെക്. ചേര്‍ന്ന അന്ന് അവിടത്തെ പ്രിന്‍സിപ്പല്‍ മഹേശന്‍ “ഇറ്റ്സ് നോട്ട് എ പ്രോബ്ലം.. യൂ വില്‍ ഗെറ്റ് ഗുഡ് ട്രയിനിങ്ങ് ഹിയര്‍....”. സംഭവം തന്നെ.. ചേര്‍ന്നു.. ആദ്യ 2 ദിവസം സി [C] എന്ന കമ്പ്യൂട്ടര്‍ ഭാഷ ആണ് പഠിപ്പിച്ചത്.

പോവെ പോവെ, പ്രിന്‍സിപ്പല്‍ മഹേശന്‍ അവിടത്തെ പ്രിന്‍സിപ്പലും , സ്റ്റാഫും, പ്യൂണും എല്ലാമെല്ലാമാണ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ആദ്യമൊന്നും എനിക്ക് ചിത്രപ്പണി വരക്കുന്ന [വിന്‍‌ഡോസ് പെയിന്റ്] കളറുള്ള കമ്പ്യൂട്ടര്‍ പോലും ഇല്ല, അടുത്തിരിക്കുന്ന ചള്ള് പിള്ളേര്‍സ് ഒരുത്തനെ മതിലില്‍ കേറ്റുന്ന എന്തോ കളി കളിക്കുന്നു, ഞാന്‍ ആണേ കാടി വെള്ളത്തില്‍ നോക്കിയ പോലത്തെ സ്ക്രീനില്‍ നോക്കി ആവിയിടുന്നു.

പതിയെ ഞാന്‍ സീറ്റുകള്‍ മാറാന്‍ തുടങ്ങി, ബൈ പ്രൊഗ്രാമിങ്ങ് കമോണ്‍ ഗേമിങ്ങ് , ഹി ഹി. ഞാന്‍ ഒരു ഭയങ്കര ഗേയിം വീരനായി. മഹേശനും ഞാനും എടാ പോടാ ബന്ധം. എന്നെ സഹതാപത്തോടെ നോക്കിയിരുന്ന ചള്ള് പിള്ളെര്‍സിന് ഗേയിം കളിക്കണേ ഞാന്‍ കനിയണം. ഐ ആം ദ ഹാപ്പി. മഹേശന്‍ ദ ഹാപ്പി. അവന് ഉറങ്ങാനും പഞ്ചാര അടിക്കാനും യഥേഷ്ടം സമയം..

അങ്ങനെ കുറേ കൂട്ടുകാരായി.... വൈകുന്നേരം വിന്‍‌‌ടെക് ഒരു ആലയം, ചായ കാപ്പി പരിപ്പ്‌വട സിഗരറ്റ് പാന്‍പരാഗ് വായിനോട്ടം. തരുണീമണികളുടെ കൈ പിടിച്ച് മൌസ് പരിശീലനം. ഗള്‍ഫിലെ ഭര്‍ത്താവിനോട് ചാറ്റാന്‍, കമ്പ്യൂട്ടര്‍ പഠിക്കാന്‍ വരുന്ന ഗുണ്ടുമണി താത്തമാര്‍.. ഉരുണ്ട സ്വര്‍ണ്ണമഹല്‍ ജ്വല്ലറി വളയിട്ട കൈകള്‍... മനോഹരം. എന്തായാലും മഹേശനും കൂട്ടര്‍ക്കൂം മടുത്തത് കൊണ്ടാവാം , അല്ലേല്‍ എന്റെ പ്രായം പരിഗണിച്ചാവാം എനിക്ക് നല്ല അവസരങ്ങള്‍ കിട്ടിക്കൊണ്ടിരുന്നു.

മഹേശന് ചില്ലറ മൃദുലവസ്തുക്കളുടെ ഇടപാടുകള്‍ ഉണ്ടാരുന്നു. അതായത് ജ്വല്ലറി, മെഡിക്കല്‍‌സ് മുതലായവയ്ക്ക് സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കി കൊടുക്കുക.
മഹേശന്‍ , പിന്നെ ഒരു മനോജ്, ഗിരീഷ് എന്നിവര്‍ ചേര്‍ന്നാണ് പരിപാടി. ഒരിടത്ത് ചെയ്തത് കണ്ട് വീണ്ടും വേറെ ചിലര്‍ വരും അങ്ങനെ ഒരു പരസ്യവുമില്ലാതെ തരക്കേടില്ലാത്ത ഒരു ബിസിനസ്.

ഒരു ദിവസം രാവിലെ മഹേശും എന്നോട് കൂടെ ചെല്ലാന്‍ പറഞ്ഞു, ഒരു വലിയ മെഡിക്കല്‍ ഷോപ്പിനു പുതിയ സോഫ്റ്റ്‌വെയര്‍ വേണം, റിക്വയര്‍‌മെന്റ് സ്റ്റഡി. അതായത് അവര്‍ക്ക് എന്തൊക്കെ വേണം , എങ്ങനെ വേണം എന്നൊക്കെ അവിടെ പോയി ചോദിച്ചു മനസ്സിലാക്കി അതു ഒരു 100 പേജ് വരയിട്ട നോട്ടുബുക്കില്‍ എഴുതുക. ശരി ഞാന്‍ വരാം, എനിക്ക് വേറെ എന്താ പണി.

എല്ലാം നല്ല രീതിയില്‍ പോയിക്കൊണ്ടിരിക്കുന്നു.. മഹേശ് കാര്യങ്ങള്‍ ചോദിക്കുന്നു, മെഡിക്കല്‍ ഷോപ്പിലെ 2 ജീവനക്കാര്‍ പിന്നെ ബില്ല് വാങ്ങുന്ന ആള്‍ എന്തൊക്കെയോ പറയുന്നു. ഞാന്‍ എഴുതിയത് ശരിയാവാത്തത് കൊണ്ട് മഹേശന്‍ തന്നെ എഴുതുന്നു, ഞാന്‍ മെഡിക്കല്‍ ഷാപ്പിലെ അലമാരയിലെ കാമസൂത്ര പാക്കറ്റ് ഇടയ്ക്കിടയ്ക്ക് പാളി നോക്കുന്നു ,കാരണം എന്താന്നോ, അതിനെ പുറത്ത് ഒരുത്തന്‍ ഒരുത്തിയെ കെട്ടിപ്പിടിക്കുന്നു, അവന്റെ കയ്യ് എവിടാന്നു ഒരു പിടിത്തോം ഇല്ല..ആകേ ഗണ്‍ഫ്യൂഷന്‍..

ബില്ലിങ്ങ് ചേട്ടായീടെ മുന്നില്‍ ഒരു കമ്പ്യൂട്ടര്‍ ഉണ്ട്, പുതുപുത്തന്‍, മൂപ്പര്‍ പട്ടിക്ക് പൊതിയാ തേങ്ങ കിട്ടിയ പോലെ വെച്ചിരിക്കുകയാണ്, ആകെ ചെയ്യുന്നത് പാട്ടു കേള്‍ക്കല്‍ മാത്രം.അത് മുതലാളീടെ അളിയന്റെ പരിഷ്കാരം ആണത്രേ, മൂപ്പര്‍ ഇതൊക്കെ അറിയാവുന്ന ആളാണ്, മൂപ്പരാണ് നമ്മളെ വരുത്താന്‍ തന്നെ കാരണം എന്നൊക്കെ ബില്ല് മേടിച്ച് സീല്‍ അടിച്ച് ടപ്പേന്നു മേശപ്പുറത്തെ കുന്തത്തിന്‍‌മേല്‍ കുത്തിക്കേറ്റുന്ന പഹയന്‍ പറഞ്ഞു.

ഇടയില്‍ ഒരു തടിയന്‍ ജൂബ്ബ അങ്ങോട്ട് കേറി വരുന്നു, കയ്യില്‍ സ്വര്‍ണ്ണ വലയം , ഗോള്‍ഡന്‍ ഫ്രെയിം, നടേശന്‍ ഫെയര്‍ & ലവ്‌ലി തേച്ച ലുക്ക്. [അടുക്കള ചിമ്മിനിക്കകത്ത് കുമ്മായം തേച്ച പോലെ എന്നും പറയാം] അകത്തേക്ക് എത്തിയതിനാല്‍ മൂപ്പര്‍ ഇതിന്റെ ആരോ ആണ് എന്ന് മനസ്സിലായി. ബില്ല് വാങ്ങി തുളയ്ക്കുന്ന ചേട്ടനോട് എന്തൊക്കെയോ കുശലം , പിന്നീട് വേറെ ഒരു മുറിയിലേക്ക്. ആരാന്നു ചോദിച്ച മഹേശനോട് മുതലാളിയുടെ അളിയനാ എന്നു ബില്ലിങ്ങ് ചേട്ടായി.

വീണ്ടും എല്ലാരും ബിസി... തടിയന്‍ ഇറങ്ങി വരുന്നു, പോണ വഴിയില്‍ നമ്മുടെ അടുത്തേക്ക്. ബില്ലിങ്ങിനോട്...

“എന്തന്നാ സുരേന്ദ്രാ ഇത്?”
“ഇതമ്മളെ ഈ ബില്ലടിക്കുന്നതെല്ലാം കമ്പ്യൂട്ടറിലാക്കാനിള്ള പരിപാടിയാ അശോകേട്ടാ... ”
“ഇവരേതാ ?”
“ഇബര ഇങ്ങള് പറഞ്ഞിറ്റ് അമ്മളെ പ്രകാശന്‍ ഏര്‍പ്പാടാക്കിയതാ, ഓന്റെ പീടികേലെ ഇത് ചെയ്തത് ഇബരാ...”
“അത് ശരി.... ഞ്ഞി അമ്മക്ക് എന്താല്ലാ മാണ്ടേന്ന് പറഞ്ഞ് കൊടുത്തിനോ?”
“ഇല്ല തോടങ്ങീറ്റേ ഇള്ളൂ... ഉമ്മക്ക് എല്ലാ സ്റ്റോക്കും ഇതില് കേറ്റാം, എന്നിറ്റ് ആരേലും ബന്ന് ചോദിച്ചാ‍ ആ മരുന്നുണ്ടോ എന്നു നോക്കാം അങ്ങനെ കൊറെ പരിപാടികള്‍ ഇണ്ട്”
“മറ്റേ ടാക്സ് പരിപാടി എല്ലാം... “
“അതെല്ലാം ചെയ്യാന്‍ പറ്റും..”
..................
...................

ഇങ്ങനെ സംസാരം പോയിക്കൊണ്ടിരിക്കുന്നു. അശൊകേട്ടന്‍ തന്റെ അറിവ് പ്രകടിപ്പിക്കുന്നു, സംശയങ്ങള്‍ വാരി വിതറുന്നു.

പെട്ടെന്ന് മുന്നിലിരുന്ന കമ്പ്യൂട്ടറിന്റെ കീ-ബോര്‍ഡ് കയ്യിലെടുക്കുന്നു.. മഹേശിനോട്

“ഈ കാപ്സ് [Caps] എന്ന കീ ഞെക്കിയാ എനിക്ക് കാപ്സ്യൂള്‍സ് ലിസ്റ്റ് വരണം..”

ടപ്പേ............ മഹേശന്‍ ഞെട്ടി...

മഹേശ് എന്തു പറയണം എന്നറിയാതെ എന്നെ നോക്കുന്നു..

ഉടന്‍ അടുത്ത റിക്വയര്‍‌മെന്റ്...

“ഈ ടാബ് [Tab] എന്ന കീ ഞെക്കിയാ എനിക്ക് ടാബ്‌ലറ്റ്സിന്റെ ലിസ്റ്റ് വരണം”

ശൂ..........
മഹേശന്റെ മുഖം ചുവക്കുന്നു.... എനിക്ക് ചിരി അടക്കാന്‍ പറ്റുന്നില്ല, സുരേന്ദ്രന് ഒന്നും മനസ്സിലാകുന്നില്ല.

ഒരു വിധത്തില്‍ മഹേശന്‍ മൂപ്പരെ പറഞ്ഞ് മനസ്സിലാക്കുന്നു അത് അമ്മാതിരി കീ അല്ല. ഇന്ന ഇന്ന ആവശ്യത്തിനുള്ളതാ എന്നൊക്കെ..
ആദ്യം അംഗീകരിച്ചില്ലെങ്കിലും അവസാനം മൂപ്പര്‍ ‘നിങ്ങള്‍ എന്തേലും ചെയ്യ് ഞാന്‍ എനിക്ക് പറയാനുള്ളത് പറഞ്ഞു’ എന്ന മനോഭാവത്തില്‍ മൂളി...

തളര്‍ന്നു പോയ ഞാനും മഹേശും വെളിയിലേക്ക്... ദേഷ്യം സഹിക്കാന്‍ വയ്യാതെ മഹേശ് : “ ഹോം [Home] എന്ന കീ മൂപ്പര്‍ കാണാഞ്ഞത് ഭാഗ്യം, അതു ഞെക്കിയാ എന്റെ വീട്ടില്‍ എന്തു നടക്കുന്നു എന്നു കാണണം എന്നു പറഞ്ഞെനേ...#$#%&**@ ”


ഇന്നും പല റിക്വയര്‍‌മെന്റ് സ്റ്റഡിക്കു പോകുമ്പോഴും ഞാനീ കഥ ഓര്‍ക്കാറുണ്ട്, കൂടെ ഉള്ളവരോട് പങ്കു വെക്കാറുണ്ട്.

6 comments:

Senu Eapen Thomas, Poovathoor said...

കാക്ക ചെന്നാല്‍ കാക്ക കൂട്ടത്തില്‍. ചേരും പടി ചേര്‍ത്ത മൊയലാളിയും, തൊയിലാളിയും... രണ്ടിനും നോ ഇന്‍ഫര്‍മേഷന്‍...[ഒരു വിവരവുമില്ല]

പഴമ്പുരാണംസ്‌

Anonymous said...

ഈശ്വരാ.............
നീയിത് ഇവിടേം പറഞ്ഞു. അല്ലേ????
എവിടെപ്പോയാലും രക്ഷയില്ലല്ലോ.....

ശ്രീ said...

ഹ ഹ. കിടിലന്‍ സംഭവം തന്നെ മാഷേ. ശരിയ്ക്കും ചിരിച്ചു.
:)

Manu said...

അളിയാ കല്ലു, ആ മൊയലാളി ബാക്സ്പേസും എന്ററും കാണാഞ്ഞെ കാര്യമായി... [:D][:D][:D]....

Manu(Kalari)

നവരുചിയന്‍ said...

എന്നെ കൊല്ല് ...... ചുമതെ അല്ല പണ്ടു വിവരം ഉള്ളവര്‍ പറഞ്ഞതു ... പാപി ചെല്ലുനിടം പാതാളം എന്ന് .... ചിരിച്ചു ചിരിച്ചു ഒരു വഴി ആയി

ഓടോ . പുതിയ പോസ്റ്റ് ഇട്ടിട് ഇപ്പൊ മുന്നു മാസം ആയി ..ഉടനെ ഇട്ടില്ല എങ്കില്‍ തട്ടികളയും

സുധി അറയ്ക്കൽ said...

ഹാ ഹാ ഹ.ചിരിപ്പിച്ചല്ലോ!!!